2014, ഫെബ്രുവരി 22, ശനിയാഴ്‌ച

ഇക്വേഷന്‍സ്

കരിക്കുലത്തിനും സിലബസിനും
പുതുമയുണ്ടായിരുന്നു.
അതിലെ ഇക്വേഷന്‍സിനൊപ്പിച്ചാണ് അടിത്തറയും മേല്‍പ്പുരയും പണിതുയര്‍ത്തിയത്.
തീസിസാണ് ആദ്യം കണ്ണിലുടക്കിയത്.
മിച്ചമൂല്യവും ചരക്കിന്‍റെ വിതരണക്രമവും മനസില്‍
അരക്കിട്ടുറപ്പിച്ചു.
ചോദനവും പ്രദാനവുമെന്നെല്ലാം ഉരുവിട്ട്
സമയ സൂചികളെ ഉരുക്കികളഞ്ഞു.
    പിന്നെയാണ് ആന്‍റിതീസിസ് വയസറിയിച്ചത്.
സാമ്രാജത്വ കടന്നാക്രമണങ്ങള്‍ക്കെതിരെ
വില്ലേജാഫീസ് ഉപരോധിച്ച്
ഐക്യനിരകെട്ടിയുയര്‍ത്തി
പ്രതിരോധത്തിന്‍റെ കവചിത വ്യൂഹമൊരുക്കി..
     മിത്രമേ...
സിന്തസിസിലേക്ക് പോകേണ്ടിവന്നില്ല.
കടലിലെ തിരയെണ്ണിയിരിക്കവെയാണ്
സിന്തസസിന്‍റെ രസതന്ത്രം മനസിലായത്.
മെല്ലെ തിരിഞ്ഞുനടന്നു...

വര

കല്ല് മഴ പെയ്തുതോരാത്ത കാലത്ത്
ചോര്‍ന്നൊലിക്കുന്ന കുട കളവ്പോയവന്‍റെ ആത്മസങ്കടം
വരച്ചെടുക്കാന്‍ നിന്‍റെ ക്യാന്‍വാസ് മതിയാവവകയില്ല.
    വിഷക്കോപ്പ ചുണ്ടോട്  ചേര്‍ത്ത ദാര്‍ശനികന്‍റെ ചങ്ക് കൊത്തിവലിക്കുന്ന ശാന്തത..
അന്ത്യവിധി വായിച്ചുതീര്‍ത്ത് കൈകഴുകി തുടച്ചവന്‍റെ തീപിടിച്ച നെഞ്ച്...
പച്ചമാംസത്തില്‍ ആണിപ്പഴുത്
തിരയുന്ന ആത്മ ഹര്‍ഷം..
പോരാ... നിന്‍റെ ചായക്കൂട്ടുകള്‍ മതിയാവുകയില്ല...
ദൈവമേ.. നീയൊരു പരാജയപ്പെട്ട ചിത്രകാരനാണ്.
വരിയുടയ്ക്കപ്പെട്ട തെരുവ്നായയുടെ  വലിഞ്ഞുമുറുകിയ ശാന്തതയെങ്കിലും...
ചിത്രകാരാ.. നീയൊരു പരാജയപ്പെട്ട ദൈവമാണ്.
   തീയൊടുങ്ങാത്ത എണ്ണക്കിണറിനുമുകളില്‍
ലോഹം ഉരുകിയൊലിക്കുന്ന
വെടിയുണ്ടകള്‍ പൂക്കുന്ന അക്കല്‍ദാമകളാണ്.
  നീ വിളിച്ചു പറഞ്ഞ തീമഴയും
പ്രളയകാലവും വരേക്ക് ഏകനായലയുക.
നീയൊരു അറം പറ്റിയ പ്രവാചകന്‍ മാത്രമാണ്.