2014, ഫെബ്രുവരി 23, ഞായറാഴ്‌ച

ദക്ഷിണ

പെരുവിരലറത്ത് തരൂവെന്ന്
ഒടുവത്തെ ദക്ഷിണ ചോദിച്ച ഗുരു തന്നെയാണ് മകനെ
അരിമാവ് കലക്കിയ വെള്ളം
പാലെന്ന് കരുതികുടിപ്പിച്ച
ചെറുബാല്യക്കാരോട് അനീതിയെന്ന് ക്ഷോഭിച്ചത്...
പാചകവാതകമെന്ന് കേട്ടുകേള്‍വിയില്ലാക്കാലത്ത്
കുരുന്നു ശിഷ്യരെ കാട്ടില്‍
വിറകൊടിക്കാന്‍ വിട്ടതിന്
മറ്റൊരു ഗുരു സഹധര്‍മ്മിണിയോട് കയര്‍ത്തത്.
ആശ്രമ മൃഗത്തെ രക്ഷിച്ച ചാരിതാര്‍ത്ഥ്യത്തോടെ മുഖം കാണിച്ച ശിഷ്യരോട്
ഒരു പെണ്ണിന്‍റെ മാനം കാക്കാന്‍
കഴിയാതെപോയതെന്തേയെന്ന്
നോമ്പരം വിതറിയ ചോദ്യമെറിഞ്ഞത്  വേറൊരു ഗുരു.
ശിഷ്യനുവേണ്ടി ദര്‍ഭമുന മൂര്‍ച്ചയില്‍ അന്ധനാക്കപ്പെട്ട   പഴയ ഗുരു ഇതിഹാസത്തിന്‍റെ പുറമ്പോക്കില്‍ നിലവിളിക്കുന്നു.
   രതിമൂര്‍ച്ഛയാല്‍ ആന്ധനായ പുതിയ ഗുരു തടവറയുടെ ശീതികരണിയില്‍ ആലസ്യത്തിലാണ്.
പുതിയൊരു സാറായണത്തിന്‍റെ പണിപ്പുരയിലാണ്.
രാകിയരം വച്ച ദര്‍ഭമുനകള്‍
ശിഷ്യര്‍
ഗര്‍ഭപാത്രത്തിലേക്ക് തിരിച്ചുവിടുന്ന  കാലത്തേക്ക് വേണ്ടിയൊരു പുതിയ ഇതിഹാസത്തിനായി...